എട്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച എന്‍.വി.യുടെ ലേഖനസമാഹാരങ്ങള്‍, സമ്പൂര്‍ണ്ണ കവിതാസമാഹാരം, നാടകങ്ങള്‍,ദ്രാവിഡവൃത്തങ്ങളെക്കുറിച്ചുള്ള തീസിസ്, യാത്രാവിവരണങ്ങള്‍ എന്നിവക്കു പുറമെ, എന്‍.വി.യെ കുറിച്ചെഴുതിയിട്ടുള്ള ജീവചരിത്രവും എന്‍.വി. സാഹിത്യത്തെ വിലയിരുത്തുന്ന കൃതികളും ഇതിലുള്‍പ്പെടുന്നു. എന്‍.വി.യെകുറിച്ചുള്ള പത്രവാര്‍ത്തകളും അദ്ദേഹം റഫറന്‍സിനായി എഴുതിയെടുത്ത റീഡിംഗ് നോട്ടുകളും ഡയറിക്കുറിപ്പുകളും ഇതിന്റെ ഭാഗമായിരിക്കും. എന്‍.വി. എഴുതിയിട്ടുള്ള അവതാരികകളും സുഹൃത്തുക്കള്‍ക്കെഴുതിയ കത്തുകളും ഫോട്ടോകളും ഇതിന്റെ ഭാഗമാണ്. റെക്കോര്‍ഡ് ചെയ്തിട്ടുള്ള ആഡിയോ-വീഡിയോകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കൃതിയുടെ വിവിധഘട്ടങ്ങള്‍ (കയ്യെഴുത്തുപ്രതി,ആദ്യമായി അച്ചടിച്ച ആഴ്ചപ്പതിപ്പിലെ പേജ്, പിന്നീട് പുസ്തകമായി പ്രകാശനംചെയ്തപ്പോഴുള്ള ടെക്സ്റ്റ്, അവസാനം സമ്പൂര്‍ണ്ണ സമാഹാരത്തിലേത്) പ്രതിഫലിക്കുന്ന തരത്തിലായിരിക്കും ഉള്ളടക്കത്തിന്റെ ക്രമീകരണം. വിഷയാടിസ്ഥാനത്തില്‍ അന്വേഷിച്ചു കണ്ടെത്താന്‍ (Search and Retrieval) പര്യാപ്തമാണ് ഇതിന്റെ ഘടന. സമാനസ്വഭാവമുള്ള കൃതികള്‍ (കവിത, നാടകം, ലേഖനങ്ങള്‍…)വര്‍ഗ്ഗീകരിക്കുകയും ചെയ്തിരിക്കുന്നു.
എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക ട്രസ്റ്റ് ആണ് പദ്ധതി വിഭാവനംചെയ്ത് നിര്വ്വഹണമൊരുക്കുന്നത്. പ്രൊജക്ടിന്റെ മേല്‍നോട്ടം സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് നിര്‍വ്വഹിക്കുന്നു. ഡിജിറ്റല്‍ ആര്‍ക്കൈവിംഗ് രംഗത്തെ പ്രശസ്ത ഐ.ടി. സ്ഥാപനമായ 'ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ്' ആണ് ആര്‍ക്കൈവ് രൂപകല്പന ചെയ്തിരിക്കുന്നത്.
യൂണികോഡ് ഭാഷാസാങ്കേതികത ഉപയുക്തമാക്കി സംസ്ഥാനത്തെ പ്രമുഖ ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍ക്ക് രൂപംകൊടുത്തിട്ടുള്ള സ്ഥാപനമാണ് ബീഹൈവ് (http://beehivedc.in/). മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിസിലെ ഗവേഷണപ്രബന്ധങ്ങള്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ അപൂര്‍വ്വ ഗ്രന്ഥശേഖരവും തിരുകൊച്ചി-കേരള ഗസറ്റും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ടാബുലേഷന്‍ രജിസ്റ്റര്‍,കേരള യൂണിവേഴ്സിറ്റിയിലെ കേരള ഇന്‍ഡക്സ് മുതലായവ ഇതിലുള്‍പ്പെടും. ബീഹൈവിന്റെ 'നിത്യ ഡിജിറ്റല്‍ ആര്‍ക്കൈവ്' എന്ന പ്രോഗ്രാമാണ് എന്‍.വി. ആര്‍ക്കൈവിനും ഉപയോഗിച്ചിരിക്കുന്നത്.
പുസ്തകങ്ങളുടെ ലിസ്റ്റിലുള്ള പേരില്‍നിന്ന് ലിങ്ക് കൊടുക്കുകയും പുസ്തകം മുഴുവനായി തുറക്കുകയും ചെയ്യുക എന്ന സാധാരണ അവലംബിക്കാറുള്ള രീതിയില്‍നിന്നും വ്യത്യസ്തമാണ് എന്‍.വി. ആര്‍ക്കെവിന്റെ ഘടന. വ്യത്യസ്ത വിഷയങ്ങളെകുറിച്ചും വ്യക്തികളെകുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള തൊള്ളായിരത്തോളം വരുന്ന ലേഖനങ്ങളെ മലയാള അക്ഷരങ്ങളുപയോഗിച്ച് വിവരാന്വേഷണം (Search and Retrieval) നടത്താന്‍ ഇതില്‍ സാധിക്കും. ശീര്‍ഷകവും ആദ്യവരിയിലെ പദങ്ങളും ഉപയോഗിച്ച് എന്‍.വി. കവിതകള്‍ അന്വേഷിച്ച് കണ്ടെത്താം. എന്‍.വി.യെ കുറിച്ചെഴുതിയ പഠനങ്ങള്‍ കണ്ടെത്താനുള്ള പ്രത്യേക വിഭാഗവുമുണ്ട്. ഇതില്‍ പഠനങ്ങളെഴുതിയവരുടെ പേരുപയോഗിച്ചും അന്വേഷണം സാദ്ധ്യമാകും. വിവരാന്വേഷണത്തിലൂടെ കണ്ടെത്തുന്ന ലേഖനങ്ങളുടെയും കവിതകളുടെയും പേജുകള്‍ (Full Text) അതതു റഫറന്‍സില്‍ ക്ലിക്കുചെയ്യുമ്പോള്‍ അഡോബ് റീഡറില്‍ തുറക്കുന്നു.
എന്‍.വി.യുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പരിശ്രമഫലമായി ആധുനിക വിവരസാങ്കേതികതയുപയോഗപ്പെടുത്തി മലയാളത്തില്‍ രൂപംകൊള്ളുന്ന അനന്യമായ ഈ ശേഖരം സാഹിത്യത്തിലും രാഷ്ട്രീയവിചാരങ്ങളിലും പരിസ്ഥിതിസംരക്ഷണത്തിലും ശാസ്ത്ര-സാങ്കേതികതയിലും അനവരതം വിഹരിച്ച എന്‍.വി. എന്ന പ്രതിഭാധനന് സമര്‍പ്പിക്കുന്ന ഏറ്റവും ഉചിതമായ സ്മാരകമാണ്.